മണ്ണുത്തി: പനിയെത്തുടർന്ന് വീട്ടിൽ വച്ച് പാത്രത്തിൽ വെള്ളം ചൂടാക്കി ആവി പിടിക്കുന്നതിനിടെ പൊള്ളലേറ്റ് വിദ്യാർഥി മരിച്ചു. വലക്കാവ് നെല്ലാനി സ്വദേശി കളപ്പുരക്കൽ വീട്ടിൽ മെയ്ജോയുടെ മകൻ എയ്ഞ്ചലോ (14) ആണ് മരിച്ചത്.
പൊള്ളലേറ്റ കുട്ടിയെ ഉടൻ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്നലെ രാവിലെയാണു സംഭവം.
പാൽ തിളപ്പിക്കുന്ന പാത്രത്തിൽവച്ചാണ് വെള്ളം തിളപ്പിച്ചിരുന്നത്. കിടപ്പുരോഗിയായ അപ്പാപ്പനും ഇളയ സഹോദരങ്ങളുമാണു സംഭവസമയത്ത് വീട്ടിൽ ഉണ്ടായിരുന്നത്. അപ്പനും അമ്മാമ്മയും റബർ പാൽ ശേഖരിക്കാൻ പോയിരിക്കുകയായിരുന്നു. അമ്മ വിദേശത്താണ്. പുതപ്പുമൂടി മുഖം പൊള്ളി കിടക്കുന്നതുകണ്ട് ഉടൻ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
കുട്ടനെല്ലൂർ സെന്റ് അഗസ്റ്റിൻസ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്. സംസ്കാരം പിന്നീട്. അമ്മ: ഫേബ, സഹോദരങ്ങൾ: ക്രിസ്റ്റി, മിഖായേൽ.